തൊടുപുഴ: എംഡിഎംഎയുമായി കെട്ടിട നിർമാണ കരാറുകാരൻ പോലീസിന്റെ പിടിയിലായി. തൊടുപുഴ പട്ടയം കവല സ്വദേശിനെടുങ്കണ്ടത്തിൽ റഷീദാണ് (47) പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് ഗ്രാമോളം എംഡിഎംഎയും 23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് വിഐപികൾക്ക് ഇടയിൽ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ കുറച്ച് നാളുകളായി റഷീദ് പോലീസിന്റെ നിരീഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാൾ ലഹരിക്കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്ന് തൊടുപുഴ പോലീസും ഡിവൈഎസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് ഇയാളുടെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ലഹരി ഉത്പ്പന്നങ്ങൾ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ലഹരി ഇടപാടിൽ പങ്കില്ലാത്തതിനാൽ ഇവരെ പിന്നീട് വിട്ടയച്ചു.
പ്രിൻസിപ്പൽ എസ്ഐ ഗൗതം, ജൂണിയർ എസ്ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.